ഒരു സംസ്‌കൃത ശ്ലോകത്തോടെ തുടങ്ങാം.
“ഗുണാം സര്‍വത്ര പൂജ്യന്തേ
പിതൃവംശോ നിരര്‍ത്ഥക“
ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍ഷിയെ സ്‌മരിക്കാറില്ല.
ഒരു സമുദായത്തെയോ ഒരു വര്‍ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന് ഈ ശ്ലോകം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യനെ സമൂഹത്തില്‍ എന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം മാത്രമായിരുന്നു എന്ന ഒരു ഓര്‍മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.
പഴയകാലഘട്ടത്തെ, സാമ്പത്തികമായി വളരെ താഴേത്തട്ടിലുണ്ടായിരുന്ന ഒരു നായര്‍സ്‌ത്രീയുടെ ചിത്രമാണിത്.
അതേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ധനാഢ്യമായ ഒരു കുടുംബത്തിലെ മറ്റൊരു നായര്‍സ്‌ത്രീയുടെ ചിത്രമാണിത്. തോടയും മേല്‍മുണ്ടും ധരിച്ച നായര്‍സ്ത്രീ.
നായര്‍കുലത്തില്‍ ജീവിച്ചുമരിച്ചവരുടെ രണ്ടു പ്രതിരൂപങ്ങളാണിത്. ഏതു ജാതിപാരമ്പര്യത്തെയാണിവര്‍ പ്രതിബിംബിപ്പിക്കുന്നത്? ഈ രണ്ടു നായര്‍സ്‌ത്രീകളെയും ഒരേ കുലത്തിന്റെ പ്രണേതാക്കളായി കാണുവാന്‍ കഴിയുമോ?
ആഢ്യരായ നായന്‍മാരുടെ വയലില്‍ വരമ്പുവെട്ടാനും കന്നുപൂട്ടാനും നടന്നിരുന്ന ഒരു നായര്‍ യുവാവ്.
സ്വന്തമായി പാടശേഖരങ്ങളുണ്ടായിരുന്ന ഒരു നായര്‍ യുവാവ്.
ഇവര്‍ക്ക് ഒരിക്കലും കസേരകള്‍ ചേര്‍ത്തിട്ട് ഇരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇവരുടെ വീടുകള്‍ തമ്മില്‍ വിവാഹബന്ധങ്ങള്‍ നിഷിദ്ധമായിരുന്നു.
ഇത്തരം കാഴ്ചകള്‍ മനുഷ്യരെ ജാതികൊണ്ട് വര്‍ഗ്ഗീകരിക്കാനുള്ള സാധ്യത ഇല്ലാതെയാക്കുന്നില്ലേ?
ഇത് കൊല്ലത്തെ ദരിദ്രരായ ഒരു ഈഴവകുടുംബത്തിന്റെ ചിത്രം.
കൊല്ലത്തു തന്നെയുള്ള ഒരു ധനിക ഈഴവകുടുംബത്തിലെ ഈഴവസ്‌ത്രീയുടെ ചിത്രമാണിത്. വെളുത്ത ഈഴവസ്‌ത്രീ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
ഈഴവജാതിയായിരുന്നുവെങ്കിലും മുകളിലെ ചിത്രങ്ങളിലുള്ളവര്‍ക്ക് ഈ ചിത്രത്തിലെ സ്‌ത്രീയെ തൊടുവാന്‍ അവകാശമുണ്ടായിരുന്നില്ല. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല.
ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം.
ചിത്രകാരന്റെ ബ്ലോഗില്‍ പറയുന്നതുപോലെ അന്നത്തെ നായര്‍ സ്‌ത്രീകള്‍ ‘വേശ്യവത്കരി’ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സാമ്പത്തികമായി അധമരായിരുന്ന കുടുംബങ്ങളിലെ സ്‌ത്രീകളുടെ മേലുണ്ടായിപ്പോയ പുരുഷന്റെ അധികാരപ്രമത്തയുടെ വിരലടയാളങ്ങളാണത്. പുലയനെ പാടത്തു മടയടക്കാന്‍ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും, നായരെ കളപ്പുരയില്‍ കാവല്‍ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും എല്ലാം സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍ നടത്തിപ്പോന്ന ലൈംഗിക അതിക്രമങ്ങളായിരുന്നു അത്.
സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ഒരു നായര്‍കുടംബത്തിലും ബ്രാഹ്മണര്‍ സംബന്ധം കൂടിയിട്ടുള്ളതായി ചരിത്രം പറയുന്നില്ല. മറിച്ച് ഇക്കൂട്ടര്‍ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയെപ്പോലെ പരിഹാസ്യരായിട്ടേ ഉള്ളൂ. ഇതൊരു സാമുദായികശീലമോ അനുഷ്ഠാനമോ ആയിരുന്നില്ല, മറിച്ച് ശേഷി കുറഞ്ഞവന്റെ മേലുള്ള അധികാരത്തിന്റെ അക്രമമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
കേരളത്തില്‍ ഈ വിധം ഇരകളാക്കപ്പെട്ടിരുന്ന മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സവര്‍ണ്ണരായിരുന്നു എന്നു ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. ആചാരങ്ങളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍ത്താന്‍ സാമ്പത്തികമായി അധമരായിരുന്ന സവര്‍ണ്ണനും അവര്‍ണ്ണനും ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടായിരുന്നു.
ചരിത്രമാറ്റത്തിനായി അബോധപ്രേരണ നല്‍കിപ്പോന്ന, ആശയശേഷിയുണ്ടായിരുന്ന നിരവധി ദരിദ്ര സവര്‍ണ്ണരും അവര്‍ണ്ണരും ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തന്നെയുണ്ടാകുമായിരുന്നില്ല.
മനുഷ്യനെ പൂര്‍വികരുടെ ജാതിയുടേയും കുലത്തിന്റേയും ചതുരക്കള്ളികളിലാക്കി വിമര്‍ശിക്കുമ്പോള്‍ മുറിവേക്കുന്നത് പ്രത്യയശാസ്ത്രത്തിനാണ്. മനുഷ്യനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കാണ്.
വാല്‍ക്കഷണം:
ഞെരളത്ത് രാമപ്പൊതുവാളിന്റെ ഭാര്യ നായര്‍സ്‌ത്രീയായതിനാലാണ് ഹരിഗോവിന്ദന് സോപാനം പാടാന്‍ അവകാശമില്ലാതായത് എന്നെവിടെയോ വായിച്ചിരുന്നു. സവര്‍ണ്ണ-അവര്‍ണ്ണ ജാതിയുടെ ഏതു നിര്‍വചനത്തിലൂടെയാണ് ഇതു മനസ്സിലാക്കേണ്ടത്.
kadapadu,krishna trishna